കുടുംബശ്രീ
കുടുംബശ്രീ സംവിധാനം
സംസ്ഥാനത്തെ കേവല ദാരിദ്ര്യം പത്തു വർഷക്കാലം കൊണ്ട് പൂർണ്ണമായി ഇല്ലായ്മ ചെയ്യുക എന്ന ലക്ഷ്യ ത്തോടെ സംസ്ഥാന ഗവൺമെൻ്റ് കേന്ദ്ര ഗവൺമെൻ്റിൻ്റെയും ദേശീയ കാർഷിക ഗ്രാമവികസന ബാങ്കിന്റെയും പങ്കാളിത്തത്തോടെ രൂപീകരിച്ച പ്രസ്ഥാനമാണ് സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷൻ അഥവാ കുടുംബശ്രീ . ദാരിദ്ര്യ നിർമ്മാർജ്ജനം മുഖ്യ ചുമതലയായി ഏറ്റെടുത്തിട്ടുള്ള ഈ മിഷൻ അതിൻ്റെ പ്രവർത്തന പരിപാടി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ രൂപീകരിക്കുന്ന സമൂഹാധിഷ്ഠിത സംഘടനാ സംവിധാനത്തിലൂടെയാണ് നടപ്പാക്കുന്നത് ദാരിദ്ര്യത്തെ കേവല സാമ്പത്തിക ദാരിദ്ര്യം എന്നതിനുപരിയായി വീടിന്റെ ശോച്യാവസ്ഥ, ശുദ്ധജലത്തിന്റെ ദൗർലഭ്യം, ശുചിത്വ സംവിധാനങ്ങളുടെ കുറവ്, അവശ്യം വേണ്ട പോഷക ഘടകങ്ങളടങ്ങിയ ഭക്ഷണത്തിന്റെ ഇല്ലായ്മ, വിദ്യാഭ്യാസ സൗകര്യങ്ങളുടെ അപര്യാപ്തത, അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള അവസരമില്ലായ്മ, ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തത, തൊഴിലില്ലായ്മ എന്നിവയെല്ലാം ചേർന്ന ഒരു പ്രതിഭാസമായി, മനുഷ്യ പ്രശ്നമായി കുടുംബശ്രീ വിലയിരുത്തുന്നു. ഇവയിൽ ഏതെങ്കിലും ഒന്നോ രണ്ടോ ഘടകങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതുകൊണ്ടു മാത്രം ദാരിദ്ര്യം ഇല്ലാതാകുന്നില്ല. മനുഷ്യൻ്റെ അടിസ്ഥാനാവശ്യങ്ങളായ ഇവയെല്ലാം തന്നെ ഓരോ ദാരിദ്യ കുടുംബത്തിനും ലഭിക്കേണ്ടതുണ്ട്. ഇതിനുവേണ്ടി ആവിഷ്കരിച്ചിട്ടുള്ള പ്രവർത്തന പരിപാടി തദ്ദേശ ഗവൺമെൻ്റുകളുടെ നേതൃത്വത്തിൽ നടപ്പാക്കലാണ് കുടുംബശ്രീ ചെയ്തുവരുന്നത്.
ദരിദ്ര കുടുംബങ്ങളെ കണ്ടെത്തുന്നതിന് സാമ്പത്തിക മാനദണ്ഡങ്ങൾ ഉപയോഗിച്ച് നടത്തുന്ന പരമ്പരാഗത സെൻസസിൽ നിന്നും വ്യത്യസ്തമായി ദരിദ്ര കുടുംബങ്ങളെ അവരുടെ ഇല്ലായ്മകളുടെയും സാമ്പത്തികേതര മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിൽ കണ്ടെത്തുന്നതിന് ഏറെ സുതാര്യമായ ക്ലേശഘടകങ്ങൾ ഉപയോഗപ്പെടുത്തുന്നു. താഴെപ്പറയുന്ന ക്ലേശഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് ദരിദ്ര കുടുംബങ്ങളെ കണ്ടെത്തുന്നത്
ക്ലേശഘടകങ്ങൾ
(1) ഉറപ്പുള്ള തറയും സ്ഥിരമായ മേൽക്കൂരയുമില്ലാത്ത വീടുള്ള കുടുംബം (2) വീടിന് 300 മീറ്റർ അടുത്തെങ്കിലും ശുദ്ധജലം ലഭ്യമല്ലാത്ത കുടുംബം (3) സാനിറ്ററി ടോയ്ലറ്റ് സംവിധാനങ്ങളില്ലാത്ത കുടുംബം (4) പ്രായ പൂർത്തിയായ ഒരാളെങ്കിലും നിരക്ഷരനായ കുടുംബം (5) ഒരാളോ അല്ലെങ്കിൽ ആരുമോ തൊഴിൽ ചെയ്യാനില്ലാത്ത കുടുംബം (6) രണ്ടു നേരംപോലും മതിയായ ആഹാരം കഴിക്കാനില്ലാത്ത കുടുംബം (7) അഞ്ചു വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾ ഉള്ള കുടുംബം (8) മദ്യത്തിനോ മയക്കുമരുന്നിനോ അടിമപ്പെട്ട ആരെങ്കിലും ഉള്ള കുടുംബം (9) ക്ലേശഘടകങ്ങളിൽ നാലോ അതിൽ കൂടുതലോ ഘടകങ്ങൾ അനുകൂലമാകുന്ന കുടുംബങ്ങളെ ദരിദ്ര കുടുംബങ്ങളായി കണക്കാക്കുന്നു.
ദരിദ്രരായ സ്ത്രീകളുടെ കാര്യശേഷിയിലും, ആസൂത്രണ വൈഭവത്തിലും പൂർണ്ണ വിശ്വാസം പുലർത്തുന്നതും, തികച്ചും സുതാര്യവുമായ വികേന്ദ്രീകൃതാസൂത്രണ സമീപനമാണ് പദ്ധതിയുടെ ആധാരശില.
കുടുംബശ്രീ - സമൂഹാധിഷ്ഠിത സംഘടനകൾ
ഓരോ പ്രദേശത്തെയും ദരിദ്ര കുടുംബങ്ങളിൽ നിന്ന് പ്രായപൂർത്തിയായ ഓരോ സ്ത്രീയെ വീതം ഉൾപ്പെടുത്തി പ്രവർത്തിക്കുന്ന 10 മുതൽ 20 വരെ അംഗബലമുള്ള അയൽക്കൂട്ടങ്ങളാണ് കുടുംബശ്രീ സംവിധാനത്തിലെ തൃണമൂലതല സംഘടനകൾ. ഈ അയൽകൂട്ടങ്ങളെ വാർഡ് തലത്തിൽ ഏരിയ ഡെവലപ്മെൻ്റ് സൊസൈ റ്റികളായും (എ.ഡി.എസ്), പഞ്ചായത്ത് തലത്തിൽ കമ്മ്യൂണിറ്റി ഡെവലപ്മെൻ്റ് സൊസൈറ്റികളായും (സി.ഡി.എ സ്) ഉദ്ഗ്രഥിച്ചിരിക്കുന്നു. മൂന്നു തലത്തിലും പ്രവർത്തിക്കുന്ന ഇത്തരം സംഘടനകളുടെ ഭാരവാഹിത്വം ജനാധി പത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെടുന്ന ദരിദ്രകുടുംബങ്ങളിലെ സ്ത്രീകൾക്കാണ്. അംഗത്വം ആവശ്യപ്പെടുന്ന ദരിദ്രരായ സ്ത്രീകളേയും അംഗങ്ങളാക്കാവുന്നതാണ് ഗ്രാമപഞ്ചായത്തിലെ അംഗങ്ങളും പഞ്ചായത്ത് പ്രസി ഡണ്ടും വാർഡുതല സംഘടനയുടെയും (എ.ഡി.എസ്) പഞ്ചായത്തുതല സംഘടനയുടെയും (സി.ഡി.എസ്) രക്ഷാ ധികാരികൾ എന്ന നിലയിൽ നേതൃത്വം നൽകുന്നു.
സമൂഹാധിഷ്ഠിത സംഘടനാസംവിധാനം
സംസ്ഥാനത്തെ കേവല ദാരിദ്ര്യം ഇല്ലായ്മ ചെയ്യുന്നതിന് രൂപം കൊടുക്കുകയാണ് കുടുംബശ്രീ. ഈ സമൂഹാ ധിഷ്ഠിത സംഘടന ഗ്രാമപഞ്ചായത്തുകളുടെയും നഗരസഭകളുടെയും നേതൃത്വത്തിൽ പ്രവർത്തിക്കുന്നു.
കുടുംബശ്രീ രൂപം നൽകിയിട്ടുള്ള സംഘടനാ സംവിധാനം അയൽക്കൂട്ടം, വാർഡ് സമിതി, പഞ്ചായത്ത് സമിതി എന്നിങ്ങനെ മൂന്ന് തട്ടുകളായി പ്രവർത്തിക്കുന്നു.