ചേറ്റുവകോട്ട

May 19, 2026


കച്ചവടം സുരക്ഷിതമാക്കുവാനും സാമൂതിരിയുടെ ആക്രമണങ്ങൾ തടയുവാനുമായി 1714 ൽ ഡച്ചുകാർ ചേറ്റുവയിൽ ശക്തമായ ഒരു കോട്ട കെട്ടുവാനാരംഭിച്ചു. കൊച്ചിരാജാവിൻറെ എല്ലാവിധ സഹായങ്ങളും അതിനു ലഭിച്ചു. ചേറ്റുവയിൽ ഡച്ചുകാരുടെ കോട്ട ഉയരുന്നുവെന്ന വാർത്ത ഞെട്ടലോടെയാണ് സാമൂതിരി കേട്ടത്. തനിക്ക് പിണഞ്ഞ അമളി അപ്പോഴാണ് അദ്ദേഹത്തിന് മനസ്സിലായത്. ചേറ്റുവകോട്ട കൊച്ചിരാജാവി ന്റെയും ഡച്ചുകാരുടേയും കേന്ദ്രമായാൽ തന്നെ അപായപ്പെടുത്തുവാൻ അവർ ശ്രമിക്കുമെന്ന് സാമൂതിരി ഭയപ്പെട്ടു. ഡച്ചുകാരുമായുള്ള യുദ്ധത്തിൽ തന്നെ സഹായിക്കാൻ തലശ്ശേരിയിലുള്ള ബ്രിട്ടീഷ് മേധാവിയായ ആഡംസിനോട് സാമൂതിരി അഭ്യർത്ഥിച്ചു. ബ്രിട്ടീഷുകാരും ചേറ്റുവ നോട്ടമിട്ടിരിക്കുകയായിരുന്നു. അവർ സാമൂതിരിക്ക് സഹായം വാഗ്ദാനം ചെയ്‌തു. പ്രതിഫലമായി ചേറ്റുവകോട്ട കീഴടക്കിയാൽ അതിൽ ബ്രിട്ടീഷ് കൊടി പാറിപ്പിക്കാമെന്ന് സാമൂതിരി സമ്മതിച്ചു.

ഇപ്രാവശ്യം നേരിട്ട് എതിർക്കുകയല്ല ചെയ്‌തത്. ചേറ്റുവകോട്ട പിടിക്കാൻ സാമൂതിരി കൈക്കൊണ്ട തന്ത്രത്തെ ക്യാപ്റ്റൻ ഹാമിൽട്ടൺ ഇപ്രകാരം പറയുന്നു. ചേറ്റുവയ്ക്കടുത്ത് അർദ്ധരാത്രിയിൽ ആയിരം പട യാളികളുമായി സാമൂതിരി കപ്പലിറങ്ങി. ഏതാനും ചാവേർ വീരന്മാരെ കൂലിക്കാരുടെ വേഷത്തിൽ കോട്ടയുടെ പണി നടക്കുന്ന സ്ഥലത്തേക്ക് അയച്ചു. കപ്പിത്താൻ അവരേയും ജോലിക്ക് ചേർത്തു. രണ്ടു കപ്പി ത്താന്മാരുടെ നേതൃത്യത്വത്തിൽ കോട്ടയുടെ പണി പൂർത്തിയായി വരികയായിരുന്നു. വേഷപ്രച്ഛന്നരായ പടയാളികളും കോട്ടയുടെ ജോലിയിൽ മുഴുകി. നേരം സന്ധ്യയോടടുത്തു. കപ്പിത്താന്മാർ കടൽതീരത്തുള്ള വിനോദ മന്ദിരത്തിൽ കാറ്റു കൊള്ളാൻ പോയി. ഏതാനും കാവൽക്കാരൊഴികെ മറ്റുള്ളവരെല്ലാം ഓരോ ആവശ്യ ങ്ങൾക്കായി പുറത്തുപോയി. ഈ അവസരം ചാവേർപടയാളികളെല്ലാം വേണ്ടും വിധം പ്രയോജനപ്പെടുത്തി. കോട്ടക്കകത്തു നിന്ന് പുതുതായി എത്തിയ പണിക്കാരെല്ലാം ആയുധധാരികളായി മാറി. അമ്പരന്നു നിന്ന കാവൽക്കാരെയും മറ്റു പടയാളികളേയും അവർ വെട്ടി വീഴ്ത്തി. കോട്ടവാതിൽ മലർക്കെ തുറന്നു. ഒളിവിൽ നിന്നിരുന്ന സാമൂതിരിയുടെ പടയാളികൾ കോട്ടക്കകത്തേക്ക് ഇരച്ചു കയറി. ധർമ്മോത്ത് പണിക്കരാണ് സൈന്യത്തെ നയിച്ചിരുന്നത്. ഡച്ചു കപ്പിത്താന്മാരും പുറത്തു പോയിരുന്ന പട്ടാളക്കാരും ഓടിയെത്തി. കോട്ട യുടെ മുൻവശത്ത് പൊരിഞ്ഞ യുദ്ധം നടന്നു. അതിൽ ഡച്ചുകാർ തീർത്തും പരാജയപ്പെട്ടു.

ബ്രിട്ടീഷുകാർ കോട്ട തകർത്തു തരിപ്പണമാക്കി. അവിടെ മറ്റൊരു കോട്ട പണിയുവാൻ സാമൂതിരി ഇംഗ്ലീഷുകാർക്ക് അനുമതിയും കൊടുത്തു. ഓർക്കാപ്പുറത്തുണ്ടായ പരാജയത്തിനെതിരെ ഡച്ചുകാർ പല പ്രാവശ്യം തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയാണ് ഉണ്ടായത്. അവസാനം 1717 ജനുവരിയിൽ കൊച്ചിരാജാവിന്റെ സൈന്യവുമായി വന്ന ഡച്ചുകാർ കര വഴിയുംകടൽ വഴിയും കോട്ട വളഞ്ഞു. കോട്ടക്കകത്തുള്ള സൈനികരുടെ എണ്ണം ദിനംപ്രതി കുറഞ്ഞു. കൂടുതൽ നാശം ഉണ്ടാകാതിരിക്കാൻ സാമൂതിരി സന്ധിയൊരുക്കി. സന്ധിയനുസരിച്ച് ഡച്ചുകാർക്ക് 8500 പൊൻപണം കൊടുക്കാൻ സാമൂതിരി സമ്മതിച്ചു. ഇതിനു പുറമെ ചേറ്റുവയിലെ പ്രധാനിയായ ധർമ്മോത്ത് പണിക്കരെ പിരിച്ചുവിടണമെന്നും ചേറ്റുവ മണപ്പുറത്തെ അദ്ദേഹത്തിൻ്റെ വസ്‌തുക്കൾ കമ്പനിക്കു നൽകണമെന്നും അവർ നിർബന്ധിച്ചു. 1717 ഏപ്രിൽ 19-ം തിയ്യതി ഡച്ചു കമ്പനി ചേറ്റുവയുടെ ഉടമാവകാശം ഔപചാരികമായി ഏറ്റെടുത്തു. ഡച്ചുകാർക്ക് ചേറ്റുവ പ്രദേശത്തോട് അതിരറ്റ താല്‌പര്യമായിരുന്നു. അവരുടെ ഒരു പ്രധാന കപ്പലിന് ചേറ്റുവ എന്നാണ് പേരിട്ടത്. ഉൾപ്രദേശത്ത് നിന്ന് ചരക്കുകൾ തോണി വഴി കൊണ്ടു വരാനും കപ്പലിൽ കയറ്റാനുമുള്ള സൗകര്യം, കൂലിക്കുറവ്, അയൽ പ്രദേശങ്ങളിൽ സമൃദ്ധമായുള്ള കുരുമുളക് ഇതൊക്കെ യായിരുന്നു ചേറ്റുവയുടെ കച്ചവട പ്രാധാന്യം.

ചേറ്റുവ കൈവശം വന്ന ഉടനെ തന്നെ കൂടുതൽ ഉറപ്പുള്ള ഒരു കോട്ട ഡച്ചുകാർ നിർമ്മിച്ചു. “ഫോർട്ട് വില്യം" എന്ന് പേരിടുകയും ചെയ്തു. ഈ കോട്ടയെ കുറിച്ചാണ് "ഇന്ന് മലബാറിലെ ഏറ്റവും പ്രബലമായ കോട്ടയാണ് ചേറ്റുവ കോട്ട' എന്ന് 1717 മുതൽ 1732 വരെ കൊച്ചിയിൽ താമസിച്ചിരുന്ന ജേക്കബ് കാന്റർ വിഷർ എന്ന ഡച്ചു പുരോഹിതൻ രേഖപ്പെടുത്തിയിരിക്കുന്നത്. ഈ കോട്ടയുടെ അവശിഷ്ട‌ങ്ങൾ ഇന്നും ചേറ്റുവയിലുണ്ട്.

വില്യം ബ്ലാഷറെ ഈ കോട്ടയുടെ അധിപനായി നിയമിച്ചു. ബ്ലഷർ ഇവിടെ വെച്ചാണ് മരിച്ചതും. 1729 ഫെബ്രുവരി 2 അദ്ദേഹത്തിൻ്റെ ചരമദിനം എന്ന് രേഖപ്പെടുത്തിയിട്ടുള്ള സ്മാോരകശില കോട്ടയിൽ നിന്ന് കിട്ടിയത് ചാവക്കാട് മജിസ്ട്രേട്ട് കോടതിയിൽ കാണാം.

1756 സാമൂതിരി വീണ്ടും ചേറ്റുവ ആക്രമിച്ച് കീഴടക്കി. എന്നാൽ ഡച്ചുകാർ കൊച്ചി ഇളയതമ്പുരാനും പാലിയത്തച്ചനുമായി രഹസ്യധാരണയിലെത്തി. സാമൂതിരിയുടെ ആധിപത്യം തകർക്കാനായി തീരുമാനിച്ചു. ഇതു മനസ്സിലാക്കിയ സാമൂതിരി സന്ധിക്കു തയ്യാറാകുകയും യുദ്ധ ചിലവിലേക്കായി നല്ലൊരു തുക ഡച്ചുകാർക്ക് കൊടുക്കാമെന്ന് സമ്മതിക്കുകയും ചെയ്തു. അതു കൊടുത്തു തീരും വരെ ചേറ്റുവ മണപ്പുറം ഡച്ചുകാർക്ക് കൈവശം വച്ചു കൊള്ളുവാനും അനുവദിച്ചു. 1757 ജനുവരി 22-ം തിയ്യതിയാണ് ഈ കരാറിൽ ഒപ്പു വെച്ചത്.

1765 ൽ മൈസൂർ ഭരണാധികാരിയായ ഹൈദരാലിയുടെ പടയോട്ടത്തിൽ ഉത്തരകേരളം വിറച്ചുപോയി. കൊടുങ്കാറ്റു പോലെ വീശിയടിച്ച മൈസൂരിൻ്റെ കുതിരപടയാളികൾക്കു മുൻപിൽ കേരളീയ രാജാക്കന്മാരുടെ കാലാൾപ്പടക്ക് നിൽക്കക്കള്ളിയില്ലാതായി. ഹൈദരാലിയുടെ ആക്രമണത്തിൽ സാമൂതിരിയുടെ അധികാരത്തിൻറെ അടിത്തറ ഇളകി. അപ്പോൾ ഡച്ചുകാരുടെ നിലയും പരുങ്ങലിലായി. സാമൂതിരിയുടെ ചില നിക്ഷേപങ്ങൾ ചേറ്റുവ കോട്ടയിലുണ്ടെന്ന് ഹൈദറിന്റെ സേനാനായകന് അറിവ് കിട്ടി. ചേറ്റുവ വിട്ടുതരാൻ മൈസൂർ സൈന്യം ഡച്ചുകാരോട് ആവശ്യപ്പെട്ടു. എന്നാൽ ചേറ്റുവ സാമൂതിരി തങ്ങൾക്ക് വിട്ടു തന്നതാണെന്നായിരുന്നു ഡച്ചു ഗവർണ്ണറുടെ മറുപടി. ചേറ്റുവ ബലം പ്രയോഗിച്ച് പിടിച്ചെടുക്കാൻ പടക്കാവുമായിരുന്നുവെങ്കിലും അതിനു മുമ്പ് ഹൈദറിന് മൈസൂറിലേക്ക് തിരിക്കേണ്ടി വന്നു.

ഹൈദറിന്റെ മകനായ ടിപ്പുസുൽത്താനാണ് പിന്നീട് കേരളത്തിലേക്ക് മൈസൂർ സൈന്യത്തെ നയിച്ചത്. മൈസൂർ സേനാനായകനായിരുന്ന സർദാർഖാൻ ഡച്ചുകാരോട് വീണ്ടും ചേറ്റുവ വിട്ടുകൊടുക്കാൻ ആവശ്യപ്പെട്ടു. ആദ്യം പറഞ്ഞ മുടന്തൻ ന്യായം അദ്ദേഹം സ്വീകരിച്ചില്ല. 1758 മുതലുള്ള കണ ക്കുകൾ ഹാജരാക്കുവാൻ ഖാൻ കല്‌പിച്ചു. ഗത്യന്തരമില്ലാതെ ഡച്ചുകാർ കണക്കുകൾ ഹാജരാക്കി. സന്ധിയനുസരിച്ച് സാമൂ തിരി കൊടുക്കേണ്ട തുക കിട്ടിക്കഴിഞ്ഞിട്ടും ഡച്ചുകാർ അന ധികൃതമായി ചേറ്റുവ മണപ്പുറം കൈവശം വെക്കുകയായിരുന്നുവെന്ന് അതിൽ നിന്ന് തെളിഞ്ഞു. പിന്നെ ഒട്ടും താമസിച്ചില്ല. സർദാർഖാൻ ചേറ്റുവ ആക്രമിച്ച് അവിടെയുണ്ടായിരുന്ന ഡച്ചുകാരെയെല്ലാം ബന്ധനസ്ഥരാക്കി ശ്രീരംഗപട്ടണത്തു കൊണ്ടുപോയി. നിധി അന്വേഷിച്ച് മൈസൂർ സൈന്യം കോട്ട യുടെ പല ഭാഗങ്ങളും തകർത്തു കളഞ്ഞു. ഈ ആക്രമണത്തിലാണ് ചേറ്റുവ കോട്ട നശിപ്പിക്കപ്പെട്ടത്.

1790 ൽ കേണൽ ഹാർട്ടിലിയുടെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സൈന്യം ചേറ്റുവ മണപ്പുറം ടിപ്പുവിൽ നിന്ന് പിടിച്ചെടുത്തു. 1791 കൊല്ലത്തിൽ 40,000 ക. പാട്ടത്തിന് ചേറ്റുവ മണപ്പുറം 10 വർഷത്തേക്ക് കൊച്ചി രാജാവിന് 10 വർഷത്തേക്ക് ബ്രിട്ടീഷുകാർ കൊടുത്തു. 1801 ൽ ചേറ്റുവ കൊച്ചി രാജ്യത്തിൽ നിന്ന് വേർപ്പെടുത്തി ഇംഗ്ലീഷുകാരുടെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കി.

ഇംഗ്ലീഷുകാരുടെ നിയന്ത്രണം മേൽക്കുമേൽ കൂടി വരികയും കൊച്ചിയും കോഴിക്കോടും അവരുടെ അധീനതയിലാവുകയും ചെയ്‌തതോടെ ചേറ്റുവ വാണിജ്യപരമായി ശ്രദ്ധിക്കപ്പെടാതായി. അഴിമുഖം സംരക്ഷിക്കാത്തതിനാൽ മണൽത്തിട്ടകൾ അടിഞ്ഞു കൂടി. അഴി അല്‌പാൽപം തെക്കോട്ട് നീങ്ങാൻ തുടങ്ങിയതോടെ ചേറ്റുവയിൽ കപ്പലുകൾക്ക് അടുക്കുവാനോ വ്യാപാരസാധനങ്ങൾ ഇറക്കുവാനോ സൗകര്യം ഇല്ലാതായി. അതിനാൽ രാഷ്ട്രീയപരമായും വണിജ്യപരമായും ചേറ്റുവ വിസ്മരിക്കപ്പെട്ടു.

മലബാറിലെ ഏറ്റവും ശക്തമായിരുന്ന ഫോർട്ട് വില്യം (ചേറ്റുവകോട്ട) ഇപ്പേൾ തകർന്ന് പൊളിഞ്ഞ് അവശിഷ്ട‌ങ്ങളുടെ ഒരു കൂമ്പാരമായി മാറിയിരിക്കുകയാണ്. കനത്ത കുറ്റിക്കാടുകൾ കോട്ടയുടെ അകവും പുറവും വലയം ചെയ്തിരിക്കുന്നു. പൊളിഞ്ഞതെങ്കിലും ഉൾപ്പടർപ്പുകൾ നീക്കിയാൽ ഭീമമായ ഉള്ളറകൾ ഇന്നും കാണാം. വീതിയുള്ള കിടങ്ങുകളും അഞ്ചേക്കറോളം വിസ്താരത്തിൽ തകർന്നു കിടക്കുന്ന അവ ശിഷ്ട‌ങ്ങളും ഈ കോട്ടയുടെ വലിപ്പവും പ്രൗഢിയും വിളിച്ചറിയിക്കുന്നു. കോട്ടയുടെ ചുറ്റുമുണ്ടായിരുന്ന കമ്പോളങ്ങളും ഗുദാമുകളും കാര്യാലയങ്ങളുമെല്ലാം ഇന്ന് തെങ്ങിൻ തോപ്പുകളായി മാറിക്കഴിഞ്ഞു. പടനിലങ്ങൾ നെൽവയലുകളായും മാറി.

ചരിത്രത്തിന്റെ താളുകളിൽ മായാത്ത മുദ്ര പതിപ്പിച്ചിരിക്കുന്ന ഈ കോട്ട സംരക്ഷിക്കേണ്ടത് സംസ്‌കാര കേരളത്തിന്റെ അടിയന്തിര കർത്തവ്യമാണ്.
 

ചേറ്റുവകോട്ട