ബജറ്റ് റിപ്പോര്ട്ട് 2025-26
ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത്
ബജറ്റ് 2025-26 - സംക്ഷിപ്തം (22/03/2025)
മുൻബാക്കി: ₹28,28,890/- (28 ലക്ഷത്തി 28 ആയിരത്തി 890 രൂപ), പ്രതീക്ഷിത വരവ്: ₹35,44,19,000/- (35 കോടി 44 ലക്ഷത്തി 19 ആയിരം രൂപ), പ്രതീക്ഷിത ചെലവ്: ₹35,45,09,000/- (35 കോടി 45 ലക്ഷത്തി 9 ആയിരം രൂപ) : മിച്ചം: ₹27,38,890/- (27 ലക്ഷത്തി 38 ആയിരത്തി 890 രൂപ)
വരവ്
01/04/2023 മുതലുള്ള വസ്തുനികുതി പരിഷ്ക്കരണത്തിനു ശേഷം വസ്തുനികുതിയിലും പെർമിറ്റ് ഫീസിലും വരുമാനത്തിലുണ്ടായ വർദ്ധനവ് അടുത്ത കൊല്ലവും തുടരുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. ആകെ 1 കോടി രൂപ നികുതി വരുമാനം കണക്കാക്കുന്നു. വസ്തുനികുതിയിനത്തിൽ 78 ലക്ഷവും തൊഴിൽ നികുതിയിനത്തിൽ 22 ലക്ഷവും പ്രതീക്ഷിക്കുന്നുണ്ട്. കെ-സ്മാർട്ട് (K-SMART) സേവനസംവിധായനം വരുന്നതോടെ അപേക്ഷകൾക്ക് സുതാര്യത കൈവരുന്നതാണെന്നും ഫീസുകളായി തനതുഫണ്ടിൽ കൂടുതൽ വരവിനത്തിൽ എത്തുമെന്നും കരുതുന്നുണ്ട്. നികുതിയേതര വരുമാനം 65.53 ലക്ഷം വരുമെന്ന് കണക്കാക്കുന്നു.
തനതുഫണ്ടിലേക്കുള്ള പൊതുആവശ്യ ഗ്രാന്റായി 1.65 കോടി രൂപ സർക്കാരിൽ നിന്നും ലഭ്യമാവുന്നതാണ്. പദ്ധതി ചെലവുകൾക്കായി 21.24 കോടി രൂപയും പദ്ധതിയേതര ചെലവുകൾക്കായി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയടക്കം (ക്ഷേമപെൻഷനുകൾ, സാക്ഷരത, വകുപ്പുതല ഫണ്ടുകൾ മുതലായവയടക്കം) 10 കോടിയോളം രൂപ ലഭ്യമാവുന്നതാണെന്ന് കരുതുന്നു.
ചെലവ്
പഞ്ചായത്തിന്റെ വർദ്ധിച്ചുവരുന്ന, ശമ്പളം, ഹോണറേറിയം, വെള്ളം, വൈദ്യുതി, വാഹനം, കൂലി, കമ്പ്യൂട്ടർ മെയിന്റനൻസ് മുതലായ അനിവാര്യമായ ചുമതലകൾ നിറവേറ്റുന്നതിന് ഒരു വർഷത്തേക്ക് 3.31 കോടി രൂപയോളം വേണ്ടിവരുമെന്ന് കണക്കാക്കുന്നു.
ബജറ്റിൽ ഊന്നൽ നൽകുന്ന മേഖലകൾ
ഉൽപ്പാദനമേഖല
ഉൽപ്പാദനമേഖലയ്ക്കായി 1.22 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുള്ളത് ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് കർഷകരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് ചെയ്യുന്നതിന് പ്രതിജ്ഞാബദ്ധമാണെന്ന് ഉറപ്പാക്കുന്നു. മണ്ണും ജലസംരക്ഷണത്തിനുമായി 3.5 കോടി രൂപയാണ് തൊഴിലുറപ്പ് പദ്ധതി പ്രകാരം ചെയ്യുന്നതിന് പഞ്ചായത്ത് തീരുമാനിച്ചിരിക്കുന്നത്. ഹരിതകേരള മിഷന്റെ ഭാഗമായി ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും വികസനത്തിലെ പരിസ്ഥിതി ആഘാതം പരമാവധി ഒഴിവാക്കുന്നതിനും പഞ്ചായത്തിന്റെ തീരുമാനം ദൃഢമാണെന്ന് ബജറ്റ് അടിവരയിടുന്നു.
പ്രളയത്തിലും മഴക്കെടുതിയിലും തകർന്ന കാർഷിക മേഖലയെ സംരക്ഷിക്കുന്നതിന് തെങ്ങുകൃഷി, ജൈവപച്ചക്കറികൃഷി എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിന് പര്യാപ്തമായ ഫണ്ട് 34 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. കനോലി കനാലിന്റെ ഒഴുക്ക് മെച്ചപ്പെടുത്തുന്നതിലേക്ക് ചേറ്റുവ പുഴയിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങളും ചേറും നീക്കം ചെയ്യുന്ന പ്രവൃത്തിക്ക് ജില്ലാ ഭരണകൂടത്തിൽ സമർദ്ദം ചെലുത്തുന്നുണ്ട്. മൃഗസംരക്ഷണ മേഖലയ്ക്കായി കാലിത്തീറ്റ വിതരണം, കന്നുകുട്ടി പരിപാലനം, പാൽവിതരണ സബ്സിഡി, എ.ബി.സി പ്രോഗ്രാം എന്നിവയിലൂടെ പ്രത്യേകം ഊന്നൽ നൽകുന്നു. തെങ്ങുകൃഷി, പച്ചക്കറികൃഷി എന്നിവയ്ക്ക് വിത്തും വളവും കുമ്മായവും പഞ്ചായത്ത് തലത്തിൽ നൽകുന്നതിനാണ് നിശ്ചയിച്ചിരിക്കുന്നത്.
പാവപ്പെട്ട കർഷകരെ കടക്കെണിയിൽ നിന്നും ദുരിതത്തിൽ നിന്നും കരകയറ്റുന്നതിന് പഞ്ചായത്ത് ശ്രമിക്കുന്നതാണ്. മണ്ണ് ജലസംരക്ഷണത്തിന് ഗ്രാമപഞ്ചായത്തിലെ 10 സൂയിസുകളിലെ മിക്കവാറും സൂയിസുകൾ മെക്കാനിക്കൽ ഷട്ടറിലേക്ക് കൊണ്ടുവരുന്നതിനാണ് ലക്ഷ്യമിടുന്നത്. പ്രത്യേകിച്ചും ഏറ്റവും വലിയ സ്ക്രൂയിസ്സായ പടന്ന സ്കൂയിസ്സിൽ മെക്കാനിക്കൽ ഷട്ടർ സംവിധാനം അടുത്ത സാമ്പത്തികവർഷത്തിൽ പ്രാവർത്തികമാക്കുന്നതിനായി ശ്രമിക്കുന്നതാണ്.
സേവനമേഖല
സേവനമേഖലയ്ക്കായി 13 കോടി രൂപയാണ് ബജറ്റിൽ നീക്കിവെച്ചിരിക്കുന്നത്. സർക്കാരിന്റെ ഫ്ലാഗ്ഷിപ്പ് പരിപാടിയായ ലൈഫ് ഭവനനിർമ്മാണത്തിനാണ് ആയതിൽ 10 കോടി രൂപയും വകയിരുത്തുന്നത്. അങ്കണവാടി പോഷകാഹാരമടക്കമുള്ള വനിതാശിശു ക്ഷേമ പരിപാടികൾക്ക് 43 ലക്ഷം രൂപയും വകയിരുത്തുന്നു. ഭരണതലത്തിൽ ഒഴിവാക്കാനാവാത്ത വിധം വളർന്നുവരുന്നതും ലിംഗസമത്വം, ദാരിദ്ര്യലഘൂകരണം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നതുമായ വനിതകളുടെ ഉന്നമനത്തിനായുള്ള ജെൻഡർ സമത്വത്തിന് പഞ്ചായത്ത് സർവ്വതോമുഖമായ പിന്തുണയാണ് ബജറ്റിൽ നൽകിയിരിക്കുന്നത്.
വൃദ്ധജനപരിപാലനത്തിനും പാലിയേറ്റീവ് കെയർ പദ്ധതിക്കുമായി പഞ്ചായത്ത് 31 ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്. കുട്ടികൾ, ഭിന്നശേഷിയുള്ളവർ എന്നിവർക്കായി 23 ലക്ഷം രൂപയും ബജറ്റിൽ കണ്ടെത്തുന്നതിന് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി യുവജനക്ഷേമത്തിന് ഏറെ പ്രാധാന്യം നൽകുന്നതാണ് ഈ ബജറ്റ്. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കച്ചവടതാൽപ്പര്യത്തെ പ്രതിരോധിക്കുന്നതിനായി പൊതുവിദ്യാഭ്യാസ സൗകര്യത്തിനും കലാസാംസ്കാരിക പ്രവർത്തനങ്ങൾക്കും ഏറെ പ്രോത്സാഹനം നൽകുന്നതിനാണ് ഭരണസമിതി നിശ്ചയിച്ചിട്ടുള്ളത്; ബജറ്റിൽ യുവജനങ്ങൾക്കുള്ള പ്രാധാന്യം ഇതിൽ പ്രതിഫലിക്കുന്നു.
ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് ശുചിത്വത്തിന് ഏറെ പ്രാധാന്യം നൽകുന്നു. 39 ലക്ഷം രൂപ ശുചിത്വമേഖലയ്ക്കായി തന്നെ വകയിരുത്തിയിട്ടുണ്ട്. 41 ലക്ഷം രൂപ ആരോഗ്യകുടിവെള്ള സൗകര്യങ്ങൾക്കും വകയിരുത്തിയിട്ടുണ്ട്. മുഴുവൻ അങ്കണവാടികളുടെയും അറ്റകുറ്റപ്പണി നടത്തി ശിശുസൗഹൃദമാക്കുന്നതിന് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ തുക ഉൾപ്പെടുത്തിയിട്ടുമുണ്ട്.
പാർശ്വവത്ക്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിന് പഞ്ചായത്ത് ഏറെ പ്രാധാന്യം നൽകുന്നതാണ്. 2.40 കോടി രൂപ പട്ടികജാതി സമഗ്രവികസനത്തിനായി ലക്ഷ്യമിട്ട് പഞ്ചായത്ത് തുക വകയിരുത്തിയിട്ടുണ്ട്. അതുകൂടാതെ സംസ്ഥാന സർക്കാരിന്റെ അംബേദ്കർ ഗ്രാമം പദ്ധതിയിൽ ഏത്തായ് പട്ടികജാതി നഗർ ഉൾപ്പെടുത്തിയിട്ടുള്ളത് ശ്രദ്ധയിൽപ്പെടുത്തുന്നു. വയോജന ക്ഷേമത്തിന് 14 ലക്ഷവും അഗതികൾക്ക് 6 ലക്ഷവും ഭിന്നശേഷിക്കാർക്ക് 21 ലക്ഷവും ബജറ്റിൽ നീക്കിവെക്കുന്നു. മാത്രമല്ല, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതികൾ, കുടുംബശ്രീ പദ്ധതികൾ എന്നിവ മുഖേന ഒട്ടേറെ പദ്ധതികൾ പാർശ്വവത്ക്കരിക്കപ്പെട്ടവരുടെ വികസനത്തിന് ഉദ്ദേശിക്കുന്നുമുണ്ട്. ഇത്തരത്തിലുള്ള വിഭാഗങ്ങളിലെ ഭൂരഹിതർക്ക് ഭൂമിയും ഭവനനിർമ്മാണം, ഭവനപുനരുദ്ധാരണം, മറ്റു ജീവനോപാധികൾ എന്നിവ ഒരുക്കി മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുന്നതിന് പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്.
ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് നിവാസികളുടെ സ്വന്തമായി ഒരു കളിസ്ഥലം എന്ന ചിരകാലസ്വപ്നം പൂവണിയുന്നതിനുള്ള നടപടികൾ എടുക്കുന്നതിന് ഉദ്ദേശിക്കുന്നതായി സന്തോഷപൂർവ്വം അറിയിക്കുന്നു. എം.സി.എഫ് (MCF) ശ്മശാനം കോമ്പൗണ്ടിൽ ജലാശയം ഒരുക്കി സൗന്ദര്യവത്ക്കരണത്തിനും പദ്ധതി തയ്യാറാക്കുന്നുണ്ട്.
അടിസ്ഥാന സൗകര്യ വികസനവും ടൂറിസവും
പൂർത്തീകരണത്തിൽ ആശങ്കപ്പെടുന്ന ജലജീവൻ പദ്ധതി പൂർത്തീകരിക്കുന്നതോടെ കുടിവെള്ളക്ഷാമത്തിന് അറുതി വരുത്തുമെന്ന് പഞ്ചായത്ത് പ്രതീക്ഷിക്കുന്നു. ഒട്ടേറെ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും പശ്ചാത്തലവികസനത്തിന് പഞ്ചായത്ത് ഏറെ പ്രാധാന്യം നൽകുന്നു. പഞ്ചായത്ത് ഹെഡ്ക്വാർട്ടേഴ്സ് ആയ ഗ്രാമപഞ്ചായത്ത് ഓഫീസ് ഐ.എസ്.ഒ (ISO) നിലവാരം നിലനിറുത്തുന്നതിന് വികസനപ്രവർത്തനത്തിൽ ഏറെ പ്രാധാന്യം നൽകുന്നതാണ്. ഫ്രണ്ട് ഓഫീസിലെ ഇരിപ്പിടസൗകര്യവും വിനോദോപാധിയും, മികച്ച ടോയ്ലറ്റ് സൗകര്യം, വായനാമൂല, ഹെൽപ്പ് ഡെസ്ക് എന്നിവ ഒരുക്കി ആധുനിക സംവിധാനത്തിലുള്ള സേവനസംവിധാനങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്.
2.30 കോടി രൂപയോളം റോഡ് വികസനത്തിനും കലുങ്കുകൾക്കും ചപ്പാത്തുകൾക്കും കനാലുകൾക്കും, 10 ലക്ഷം രൂപ പൊതു കെട്ടിടങ്ങളുടെ പുനരുദ്ധാരണത്തിനുമായി ചെലവഴിക്കുന്നതിന് ഉദ്ദേശിക്കുന്നു. ഊർജ്ജമേഖലയിൽ തെരുവ് വിളക്കുകളുടെ വൈദ്യുതീകരണം, ലൈൻ ദീർഘിപ്പിക്കൽ എന്നിവയ്ക്ക് പ്രാധാന്യം നൽകിയിട്ടുണ്ട്. നമ്മുടെ പഞ്ചായത്ത് കായലുകളും കടലുമായി കൂടിച്ചേരുന്ന സ്ഥലമായതിനാൽ ടൂറിസത്തിന് വൻസാധ്യത കാണുന്നു.
മത്സ്യതൊഴിലാളികളുടെ വരുമാനവർദ്ധനവിനും ടൂറിസത്തിനും പ്രാമുഖ്യം നൽകുന്ന ചേറ്റുവ അഴിമുഖം വികസനം സർക്കാരിന്റെ പരിഗണനയിലായി ആരംഭഘട്ടത്തിലാണ്. അതിനായി എം.പി, എം.എൽ.എ, സർക്കാർ ഫണ്ടുകൾ പരമാവധി ഉപയോഗപ്പെടുത്തുന്നതാണ്. ചേറ്റുവകോട്ട വികസനം, രാമുകാര്യാട്ട് സ്മാരക കെട്ടിടനിർമ്മാണം, ഹൈവേ വികസനം എന്നിവ ഈ വർഷം തന്നെ പൂർത്തീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പൊതു ആസ്തികളുടെ സംരക്ഷണത്തിനും വികസനത്തിനും ഏറെ പ്രോത്സാഹനം നൽകുന്നതിന് ഉദ്ദേശിക്കുന്ന ഒരു വികസനോന്മുഖമായ ബജറ്റാണ് ഭരണസമിതി അംഗങ്ങളുടെ ചർച്ചകൾക്കും അനുമതിക്കുമായി സമർപ്പിക്കുന്നത്.
അവതരണം: ശ്രീ. ബി.കെ. സുദർശനൻ, വൈസ് പ്രസിഡന്റ്, ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത്