ബജറ്റ് റിപ്പോർട്ട് 2024-25

ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത്

ബജറ്റ് 2024-25 – സംക്ഷിപ്തം

മുൻബാക്കി: ₹10,01,706/- (10 ലക്ഷത്തി ആയിരത്തി 706 രൂപ), പ്രതീക്ഷിത വരവ്: ₹41,79,35,387/- (41 കോടി 79 ലക്ഷത്തി മുപ്പത്തയ്യായിരത്തി 387 രൂപ), പ്രതീക്ഷിത ചെലവ്: ₹41,72,04,387/- (41 കോടി 72 ലക്ഷത്തി നാലായിരത്തി 387 രൂപ) : മിച്ചം: ₹17,32,706/- (17 ലക്ഷത്തി മുപ്പത്തിരണ്ടായിരത്തി 706 രൂപ)

വരവ്

01/04/2023 മുതലുള്ള വസ്തുനികുതി പരിഷ്ക്കരണത്തിനു ശേഷം വസ്തുനികുതിയിലും പെർമിറ്റ് ഫീസിലും വർദ്ധനവ് ഉണ്ടായതിനാൽ വരുമാനത്തിൽ വലിയ വർദ്ധനവ് അടുത്ത കൊല്ലം പ്രതീക്ഷിക്കുന്നുണ്ട്. ആകെ 97 ലക്ഷം രൂപ നികുതി വരുമാനം കണക്കാക്കുന്നു. വസ്തുനികുതിയിനത്തിൽ 76 ലക്ഷവും തൊഴിൽ നികുതിയിനത്തിൽ 21 ലക്ഷവും പ്രതീക്ഷിക്കുന്നുണ്ട്. നികുതിയേതര വരുമാനം 70 ലക്ഷത്തിനു മീതെ വരുമെന്ന് കണക്കാക്കുന്നു. തനതുഫണ്ടിലേക്കുള്ള പൊതുആവശ്യ ഗ്രാൻ്റായി 1.64 കോടി രൂപ സർക്കാരിൽ നിന്നും ലഭ്യമാവുന്നതാണ്.

ചെലവ്

പഞ്ചായത്തിന്റെ വർദ്ധിച്ചുവരുന്ന വെള്ളം, വൈദ്യുതി, വാഹനം, കൂലി, കമ്പ്യൂട്ടർ മെയിന്റനൻസ്, ശമ്പളം, ഹോണറേറിയം മുതലായ അനിവാര്യമായ ചുമതലകൾ നിറവേറ്റുന്നതിന് ഒരു വർഷത്തേക്ക് 3.04 കോടി രൂപയോളം വേണ്ടി വരുമെന്ന് കണക്കാക്കുന്നു. പദ്ധതി ചെലവുകൾക്കായി 22.69 കോടി രൂപയും പദ്ധതിയേതര ചെലവുകൾക്കായി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയടക്കം (ക്ഷേമപെൻഷനുകൾ, സാക്ഷരത, വകുപ്പുതല ഫണ്ടുകൾ മുതലായവയടക്കം) 9.50 കോടിയോളം രൂപ ലഭ്യമാവുന്നതാണെന്ന് കരുതുന്നു.

ബജറ്റിൽ ഊന്നൽ നൽകുന്ന മേഖലകൾ
കുടിവെള്ള വിതരണവും സംരക്ഷണവും

ഈ പ്രദേശത്തെ ബജറ്റിൽ ഏറ്റവും കൂടുതൽ ഊന്നൽ നൽകേണ്ടത് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്ന കാര്യത്തിലാണ്. കുടിവെള്ള വിതരണം വാട്ടർ അതോറിറ്റിയുടെ കീഴിലായിരിക്കും. ഗ്രാമപഞ്ചായത്തിന് ഇപ്പോൾ നടന്നുവരുന്ന ജൽജീവൻ പദ്ധതിയിൽ പരിപൂർണ്ണ സഹകരണം ഉറപ്പാക്കി എത്രയും വേഗം ഓരോ വീട്ടിലും പൈപ്പ് ലൈൻ കുടിവെള്ളം ഉറപ്പാക്കുകയെന്നതാണ് നമ്മുടെ മുമ്പിലുള്ള ഒരു വലിയ ഉത്തരവാദിത്വം. 2024 നകം ഈ പ്രവൃത്തി പൂർത്തിയാക്കും എന്ന് പറഞ്ഞെങ്കിലും, അതിന് താമസം വരുന്നത് ജനങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്നതിന് ഇടയാക്കും. പദ്ധതിയുടെ സ്ഥാപന വിഹിതം അടവാക്കുന്നതിന് ബജറ്റിൽ 21 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.

അതുകൂടാതെ ഭൂഗർഭ ജലത്തിന്റെ സംരക്ഷണവും റീച്ചാർജും ഉറപ്പുവരുത്തലാണ് സ്ഥായിയായ ഒരു നടപടിയായി കാണേണ്ടത്. അതിനായി ജലവിതാനം ഉയർത്തുന്നതിനായി മഴവെള്ള സംഭരണ സംവിധാനവും നീർത്തടാധിഷ്ഠിത ഭൂവികസന പരിപാടികളും നിരന്തരം നടന്നുകൊണ്ടിരിക്കേണ്ടതുണ്ട്. വാർഷിക പദ്ധതിയിൽ കിണർ റീചാർജ്ജിംഗിനായി 6 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.

  1. തിരുമംഗലം നിലവിൽ വാട്ടർ അതോറിറ്റിയുടെ കൈവശമുള്ള സ്ഥലത്ത് കിണർ, ടാങ്ക് എന്നിവ നിർമ്മിക്കുന്നതിന് ശുപാർശ നൽകിയിട്ടുമുണ്ട്. ഏകദേശം ആറ് കോടി രൂപ ഇതിനായി ചെലവ് വരും എന്ന് പ്രതീക്ഷിക്കുന്നു. ടാങ്ക് ഉണ്ടെങ്കിൽ പ്രദേശത്തെ കുടിവെള്ളക്ഷാമത്തിന് പരിഹാരം ഉണ്ടാക്കുന്നതിന് വളരെ നല്ലൊരു പങ്ക് വഹിക്കാൻ സാധിക്കും.

  2. ട്രൈബൽ വകുപ്പിന്റെ പ്രീമെട്രിക് ഹോസ്റ്റലിനടുത്ത് ബ്ലോക്ക് വക ഹൈവേ എടുത്തു പോയതിനുശേഷം ബാക്കിയുള്ളതായി കണക്കാക്കുന്ന സ്ഥലത്ത് ടാങ്കും നിർമ്മിച്ചു കഴിഞ്ഞാൽ അതും കുടിവെള്ള വിതരണത്തിന് പ്രസ്തുത പ്രദേശത്ത് വളരെ സഹായകരമാകും.

  3. നാട്ടിക ഫർക്ക കുടിവെള്ള പദ്ധതി, ജലജീവൻ മിഷൻ ശുപാർശ ചെയ്തിട്ടുള്ളതാണ്; അത് കമ്മീഷൻ ചെയ്താൽ ആവശ്യമായ കുടിവെള്ള വിതരണം നടത്തുന്നതിന് സാധിക്കും.

  4. പുളിക്കകടവ് പിഡബ്ല്യുഡി ബഡ്മസ് വിഭാഗത്തിന്റെ 10 സെന്റ് സ്ഥലം ഉപയോഗിച്ചു കഴിഞ്ഞാൽ പുളിക്കകടവ് ചെറുകിട കുടിവെള്ള പദ്ധതി സാധിക്കും. അതിനായി പിഡബ്ല്യുഡി (പാലം) യിൽ നിന്നും സ്ഥലം വിട്ടു കിട്ടുന്നതിന് ശ്രമിക്കുന്നുണ്ട്.

അണക്കെട്ടുകളും ഓരുവെള്ള നിയന്ത്രണവും

കുടിവെള്ളം പോലെ തന്നെ ജലസേചന സ്രോതസ്സുകളിലേക്ക് ചില സീസണുകളിൽ ഉപ്പുവെള്ളം അഥവാ ഓരുവെള്ളം കയറുന്ന സ്ഥിതിവിശേഷം ഉള്ളതിനാൽ കൃഷി വ്യാപകമായി നശിക്കുന്നതിന് ഇടവരുന്നുണ്ട്. മാത്രമല്ല, അവശേഷിച്ച കുടിവെള്ള സ്രോതസ്സുകളെ കൂടി ഇത് മലിനമാക്കുന്നതിനാൽ കുടിവെള്ളക്ഷാമം ആ സമയത്ത് രൂക്ഷമാകുന്നുമുണ്ട്. പൊതുചീപ്പുകളുടെ പരിപാലനത്തിന് 3 ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്.

  1. ഉപ്പുവെള്ളം കയറാതിരിക്കുന്നതിന് അത് ബാധകമായ പ്രദേശത്ത് ബണ്ട് കൃത്യമായ ഇടവേളകളിൽ കെട്ടുന്നതിനും തുറക്കുന്നതിനും സാധിക്കുന്നതിന് ആധുനിക ഫൈബർ ബണ്ട് സംവിധാനം കൊണ്ടുവരേണ്ടതാണ്. അത് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പുവർഷം തന്നെ ആരംഭിക്കും.

  2. പതിനാറാം വാർഡ് കല്ലത്തോട് സംരക്ഷണം ഏകദേശം 150 മീറ്റർ സംരക്ഷിച്ചു കഴിഞ്ഞാൽ ഉപ്പുവെള്ളം കയറാതിരിക്കുന്നതിന് സാധിക്കും. അതിനുള്ള ശുപാർശ മേൽതട്ടിലേക്ക് നൽകുന്നതാണ്.

  3. മുട്ടുകായൽ മുതൽ മാമ്പുള്ളിക്കാവ് അമ്പലം വരെ ചേറ്റുവാൻ തോട് സംരക്ഷണത്തിന്റെ ഭാഗമായി ഒരു കോടി 48 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് സമർപ്പിച്ചിട്ടുള്ളതാണ്; അത് പ്രാവർത്തികമായാൽ ഉപ്പുവെള്ള ഭീഷണി ഒഴിവാക്കുന്നതിന് സാധിക്കും. 6, 8, 9 വാർഡുകളിലും കണ്ണൻ തോട് സംരക്ഷണം ഉപ്പുവെള്ള ഭീഷണി ഒഴിവാക്കുന്നതിന് വേറൊരു ഘടകമാണ്.

  4. ദേവസ്വത്തിന് കീഴിലുള്ള കുളങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി മാമ്പുള്ളിക്കാവ് അമ്പലത്തിലെ കുളം സംരക്ഷിച്ച് ശുദ്ധീകരിച്ച് കുടിവെള്ള പദ്ധതിക്കായി ശുപാർശ മുന്നോട്ടുവയ്ക്കുന്നു. അതിനായി ഒട്ടേറെ നടപടിക്രമങ്ങളുണ്ടെങ്കിലും അത് നടപ്പിൽ വരുത്തേണ്ടത് ആവശ്യമെന്ന് കരുതുന്നു.

  5. ചേറ്റുവ പുഴയിലെ മണ്ണും ചെളിയും മാറ്റി ഒഴുക്ക് പുനസ്ഥാപിക്കേണ്ടത് അത്യാവശ്യ ഘടകമാണ്. ഉപ്പുവെള്ളം കയറുന്നത് തടയാൻ ഒഴുക്ക് പൂർവസ്ഥിതിയിലാക്കേണ്ടതുണ്ട്. ജില്ലാ പഞ്ചായത്തിന്റെ 50 ലക്ഷം രൂപ വരുന്ന പ്രോജക്ട് ആരംഭഘട്ടത്തിലാണ്.

ഇതിൽ പറയുന്ന നിർദ്ദേശങ്ങൾ പലതും ഗ്രാമപഞ്ചായത്തിന് മാത്രമായി പരിഹരിക്കുന്നതിന് കഴിയില്ല. എങ്കിൽ കൂടിയും പഞ്ചായത്ത് ഇടപെട്ട് വകുപ്പുകളുടെ ശ്രദ്ധയിൽ പെടുത്തുന്നതുമാണ്.

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGS)

ഗ്രാമപഞ്ചായത്തിന് നിബന്ധനകൾക്കുള്ളിൽ നിന്ന് ചെലവഴിക്കാവുന്ന ഏറ്റവും വലിയൊരു സ്രോതസാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. മണ്ണ് ജലസംരക്ഷണവും വെള്ളപ്പൊക്ക നിവാരണവും വ്യക്തിഗത ആസ്തികൾ സൃഷ്ടിക്കുന്നതിനും അടിസ്ഥാന സൗകര്യ വികസന പ്രവൃത്തികൾക്കും കൃത്യമായ നിബന്ധനകൾ പാലിച്ചു തുക ചെലവഴിച്ച് തൊഴിൽ ദിനങ്ങൾ വർദ്ധിപ്പിക്കുവാൻ സാധിക്കും. ഈ വർഷം 11.28 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. മണ്ണ് ജല സംരക്ഷണ ഭൂവികസന പ്രവൃത്തികൾക്ക് 4.64 കോടി രൂപയും അതിനായി കർമ്മ പദ്ധതിയിൽ വകയിരുത്തിയിട്ടുള്ളതാണ്. അത് ഫലപ്രദമായി വിനിയോഗിച്ച് മഴവെള്ളത്തെ പിടിച്ചുനിർത്തുന്ന സംവിധാനങ്ങൾ ഉണ്ടാക്കിയാൽ ജലക്ഷാമം പരിഹരിക്കുന്നതിന് ഒരു പരിധിവരെ സാധിക്കുന്നതാണ്.

ഉൽപ്പാദനമേഖല

ഉൽപ്പാദനമേഖലയ്ക്കായി 1.03 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്. ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് കർഷകരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് ചെയ്യുന്നതിന് പ്രതിജ്ഞാബദ്ധമാണെന്ന് ഉറപ്പാക്കുന്നു. മണ്ണ് ജലസംരക്ഷണത്തിന് 4.64 കോടി രൂപയാണ് തൊഴിലുറപ്പ് പദ്ധതി പ്രകാരം ചെയ്യുന്നതിന് പഞ്ചായത്ത് തീരുമാനിച്ചിരിക്കുന്നത്. ഹരിതകേരള മിഷന്റെ ഭാഗമായി ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും വികസനത്തിലെ പരിസ്ഥിതി ആഘാതം പരമാവധി ഒഴിവാക്കുന്നതിനും പഞ്ചായത്തിന്റെ തീരുമാനം ദൃഢമാണെന്ന് ബജറ്റ് അടിവരയിടുന്നു.

പ്രളയത്തിലും മഴക്കെടുതിയിലും തകർന്ന കാർഷിക മേഖലയെ സംരക്ഷിക്കുന്നതിന് തെങ്ങുകൃഷി, ജൈവപച്ചക്കറികൃഷി എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിന് പര്യാപ്തമായ ഫണ്ട് 38 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. മൃഗസംരക്ഷണ മേഖലയ്ക്കായി കാലിത്തീറ്റ വിതരണം, കന്നുകുട്ടി പരിപാലനം, പാൽവിതരണ സബ്‌സിഡി, തെരുവ് നായ്ക്കളിൽ നിന്നുള്ള സംരക്ഷണത്തിനായി വാക്സിനേഷൻ, അവയെ നിരീക്ഷണകാലാവധിയിൽ പാർപ്പിക്കുന്നതിനുള്ള കൂട്, കോഴി വളർത്തലിന് പ്രോത്സാഹനം, മൃഗങ്ങൾക്ക് മരുന്ന് എന്നിവയ്ക്ക് തുക വകയിരുത്തിയിട്ടുണ്ട്. കർഷകരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് തെങ്ങുകൃഷി, പച്ചക്കറികൃഷി എന്നിവയ്ക്ക് വിത്തും വളവും കുമ്മായവും പഞ്ചായത്ത് തലത്തിൽ നൽകുന്നതിനാണ് നിശ്ചയിച്ചിരിക്കുന്നത്.

പാവപ്പെട്ട കർഷകരെ കടക്കെണിയിൽ നിന്നും ദുരിതത്തിൽ നിന്നും കരകയറ്റുന്നതിന് പഞ്ചായത്ത് പ്രതിജ്ഞാബദ്ധമാണ്. ക്ഷീരസംഘങ്ങളിൽ പാൽ അളക്കുന്നവർക്ക് സബ്‌സിഡി, മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ലാപ് ടോപ്പ്, ടാങ്ക്, വാഴകൃഷി, കവുങ്ങ് കൃഷി, പോഷകതോട്ടം, നഴ്‌സറി എന്നിവയ്ക്കായും പദ്ധതി രൂപീകരിച്ചിട്ടുണ്ട്.

ഗ്രാമപഞ്ചായത്തിന്റെ കായിക വികസനത്തിൽ ഗ്രൗണ്ടിനുള്ള പങ്ക് വളരെ വലുതാണ്. നിലവിൽ പഞ്ചായത്തിന്റെ അധീനതയിൽ ഒരു ഗ്രൗണ്ട് ഇല്ല എന്നത് കായിക ഉന്നതിക്ക് തടസ്സമായി നിൽക്കുകയാണ്. ഗ്രൗണ്ടിനായുള്ള അന്വേഷണം ഊർജ്ജിതമാക്കുന്നതാണ്.

സേവനമേഖല

സേവനമേഖലയ്ക്കായി 13 കോടി രൂപയാണ് ബജറ്റിൽ നീക്കിവെച്ചിരിക്കുന്നത്. ഇത്തവണ പഞ്ചായത്ത് ഭവനനിർമ്മാണത്തിന് (ലൈഫ്) 10 കോടി രൂപയും അങ്കണവാടി പോഷകാഹാരമടക്കമുള്ള വനിതാശിശു ക്ഷേമ പരിപാടികൾക്ക് 76 ലക്ഷം രൂപയും വകയിരുത്തുന്നു. ഭരണതലത്തിൽ ഒഴിവാക്കാനാവാത്ത വിധം വളർന്നുവരുന്നതും ലിംഗസമത്വം, ദാരിദ്ര്യലഘൂകരണം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നതുമായ വനിതകളുടെ ഉന്നമനത്തിനായുള്ള ജെൻഡർ സമത്വത്തിന് ആവശ്യമായ തുക നീക്കിവെച്ച് പഞ്ചായത്ത് സർവ്വതോമുഖമായ പിന്തുണയാണ് ബജറ്റിൽ നൽകിയിരിക്കുന്നത്.

വൃദ്ധജനപരിപാലനത്തിനും പാലിയേറ്റീവ് കെയർ പദ്ധതിക്കുമായി പഞ്ചായത്ത് 10 ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്. കുട്ടികൾ, ഭിന്നശേഷിയുള്ളവർ എന്നിവർക്കായി 31 ലക്ഷം രൂപയും ബജറ്റിൽ കണ്ടെത്തുന്നതിന് കഴിഞ്ഞിട്ടുണ്ട്. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കച്ചവടതാൽപ്പര്യത്തെ പ്രതിരോധിക്കുന്നതിനായി പൊതു വിദ്യാഭ്യാസ സൗകര്യത്തിനും കലാസാംസ്കാരിക പ്രവർത്തനങ്ങൾക്കും ഏറെ പ്രോത്സാഹനം നൽകുന്നതിനാണ് ഭരണസമിതി നിശ്ചയിച്ചിട്ടുള്ളത്. ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് ശുചിത്വത്തിന് ഏറെ പ്രാധാന്യം നൽകുന്നു. 1.35 കോടി രൂപ ആരോഗ്യകുടിവെള്ള ശുചിത്വ മേഖലയ്ക്കായി വകയിരുത്തിയിട്ടുണ്ട്. മുഴുവൻ അങ്കണവാടികളുടെയും അറ്റകുറ്റപ്പണി നടത്തി ശിശുസൗഹൃദമാക്കുന്നതിന് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ 9.50 ലക്ഷം രൂപ ഉൾപ്പെടുത്തിയിട്ടുമുണ്ട്.

പാർശ്വവത്ക്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിന് പഞ്ചായത്ത് ഏറെ പ്രാധാന്യം നൽകുന്നതാണ്. 26.50 ലക്ഷം രൂപ പട്ടികജാതി പരിചരണ പാക്കേജിനും അവരുടെ സമഗ്രവികസനത്തിനുമായി പഞ്ചായത്ത് ലക്ഷ്യമിട്ട് തുക വകയിരുത്തിയിട്ടുണ്ട്. വയോജന ക്ഷേമത്തിനും അഗതികൾക്കും ഭിന്നശേഷിക്കാർക്കും ബജറ്റിൽ പ്രാധാന്യം നൽകിയിട്ടുണ്ട്. മാത്രമല്ല, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതികൾ, കുടുംബശ്രീ പദ്ധതികൾ എന്നിവ മുഖേന ഒട്ടേറെ പദ്ധതികൾ പാർശ്വവത്ക്കരിക്കപ്പെട്ടവരുടെ വികസനത്തിന് ഉദ്ദേശിക്കുന്നുമുണ്ട്. ഇത്തരത്തിലുള്ള വിഭാഗങ്ങളിലെ ഭൂരഹിതർക്ക് ഭൂമിയും ഭവനനിർമ്മാണം, ഭവനപുനരുദ്ധാരണം, ജീവനോപാധികൾ എന്നിവ ഒരുക്കി മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുന്നതിന് പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്.

പൊതുഭരണസംവിധാനം മെച്ചപ്പെടുത്തുന്നതിന് 20 ലക്ഷം രൂപയും വൈദ്യുതീകരണം മെച്ചപ്പെടുത്തുന്നതിന് 11 ലക്ഷം രൂപയും കമ്പ്യൂട്ടർ മെയിന്റനൻസിന് 2.50 ലക്ഷം രൂപയും വകയിരുത്തുന്നുണ്ട്.

അടിസ്ഥാന സൗകര്യ വികസനം

കഴിഞ്ഞ രണ്ടു വർഷങ്ങളിലായി ജൽജീവൻ പദ്ധതി പ്രവർത്തനങ്ങളുടെ ഫലമായി അടിസ്ഥാന സൗകര്യ മേഖലയിൽ കാര്യമായ നിക്ഷേപം നൽകുന്നതിന് ഗ്രാമപഞ്ചായത്തിന് സാധിച്ചിട്ടില്ല. അതിന്റെ ഏറ്റവും കൃത്യമായ പ്രതിഫലനമാണ് റോഡ് മെയിന്റനൻസ് ചെലവിൽ വന്ന കുറവ്. ജൽജീവൻ പദ്ധതി പ്രവർത്തനങ്ങൾക്ക് ഗതാഗത മാർഗ്ഗത്തിൽ വലിയ പൈപ്പ്‌ലൈനുകൾ സ്ഥാപിക്കുന്നതിന് റോഡ് പൊളിച്ച് പൈപ്പ് ഇടുന്ന പ്രവൃത്തി മുഴുവനും പൂർത്തീകരിച്ചിട്ടില്ല. പദ്ധതി എസ്റ്റിമേറ്റിൽ രണ്ടാംഘട്ടത്തിൽ റോഡ് റീസ്റ്റോറേഷൻ ഫണ്ട് ഗ്രാമപഞ്ചായത്തിന് കൈമാറുന്നതിന് 10 കോടിയിൽ പരം രൂപ വകയിരുത്തിയിട്ടുണ്ടെങ്കിലും അത് അനുവദിച്ചുകിട്ടുന്നതിന് താമസം നേരിടുന്നുണ്ട്.

2024-25 പദ്ധതി വർഷത്തെ റീസ്റ്റോറേഷൻ ഫണ്ട് കൃത്യമായി ചെലവഴിക്കേണ്ടതുണ്ട്. അതോടൊപ്പം ആവശ്യമായ പ്രദേശങ്ങളിൽ കൾവർട്ട്, കാന, റോഡിനിരുവശത്തു നിന്നും വെള്ളം ഒഴുകി പോകുന്നതിനുള്ള സൗകര്യം എന്നിവ കൂടി നടത്തിയാലേ ഭാവിയിൽ ഗതാഗത സംവിധാനം ഫലപ്രദമാകൂ. റീസ്റ്റോറേഷൻ പ്രവൃത്തി ചെയ്യുന്നതോടൊപ്പം 5.75 കോടി രൂപ മെയിന്റനൻസ് പ്രവൃത്തികൾക്കുമായി വകയിരുത്തുന്നു. പൊതു കെട്ടിടങ്ങളുടെ വിപുലീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 84 ലക്ഷം രൂപ കൂടി വകയിരുത്തുന്നു. ഇതോടൊപ്പം തന്നെ മാലിന്യ സംസ്കരണ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് അനുസൃതമായി ഗ്രാമപഞ്ചായത്തും സഞ്ചരിക്കേണ്ടതുണ്ട്. കൂടാതെ ഉത്പാദന സേവന രംഗങ്ങളിൽ കൂടുതൽ തുക വകയിരുത്തേണ്ട ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്.

ജനങ്ങളുടെ സർവ്വതോമുഖമായ വികസനത്തിന് പുതിയ കാഴ്ചപ്പാടുകളും ഇതോടൊപ്പം പരീക്ഷിക്കുന്നതിന് ഭരണസമിതി ഉദ്ദേശിക്കുന്നു. എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുപിടിച്ച് ക്ഷേമ-വികസന പ്രവർത്തനങ്ങൾ നടത്തുന്നതിന് രൂപീകരിച്ച ഈ പ്രോജക്ട് രേഖ ചർച്ചകൾക്കായും നിങ്ങളുടെ ഓരോരുത്തരുടെയും ഉപദേശ നിർദ്ദേശങ്ങൾക്കായും സാദരം സമർപ്പിക്കുന്നു.

അവതരണം: ശ്രീ. ഹർഷവർദ്ധനൻ കാക്കനാട്ട്, വൈസ് പ്രസിഡന്റ്, ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത്