ആയിരംകണ്ണി ക്ഷേത്രം

May 20, 2026

ആയിരംകണ്ണിഭഗവതി ക്ഷേത്ര ചരിത്രം

 

തൃശ്ശൂർ ജില്ലയുടെ പടിഞ്ഞാറു ഭാഗത്ത് നാഷ്‌ണൽ ഹൈവേയിൽ ആശാൻ റോഡിൽ നിന്നും സുമാർ അരകിലോമീറ്റർ കിഴക്കോട്ട് മാറി ടിപ്പുസുൽത്താൻ റോഡിനോടു ചേർന്ന് സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ശ്രീ ആയിരംകണ്ണി ഭഗവതി ക്ഷേത്രം.

 

സഹസ്രാക്ഷിയായ ആയിരംകണ്ണി ദേവിയെക്കുറിച്ചുള്ള ഐതിഹ്യങ്ങൾ ഏറെയാണ്. ആദ്യ കാലത്ത് ഇവിടെ സ്വയംഭൂവായി പ്രകാശിച്ചുകണ്ട ദേവിയെ ഭദ്രകാളീ രൂപത്തിൽ പ്രധാനശിലയിലും അതിനടുത്തു തന്നെയുള്ള ഒരു ശിലയിൽ അന്നപൂർണ്ണേശ്വരിയേയും ആരാധിച്ചു വരിക യാണുണ്ടായതെന്ന് പ്രശ്‌നവിധിയിൽ തെളിഞ്ഞിട്ടുണ്ട്. ഏങ്ങണ്ടിയൂരിലെ കാതോട്ടു തറവാട്ടിലെ നൂറ്റാണ്ടുകൾക്കപ്പുറത്തെ തലമുറയിലെ ഒരു ദേവി ഉപാസകയിൽ നിന്നാണ് ക്ഷേത്ര ഊരാള സ്ഥാനം ഇന്നത്തെ തലമുറയിലേക്ക് എത്തിച്ചേർന്നതെന്ന് വിശ്വസിക്കപ്പെടുന്നു. അവർ അവരുടെ സമുദായിക ആചാരങ്ങൾക്കനുസരിച്ച് ദേവിയെ സേവിച്ചുവരികയാണുണ്ടയത്. അങ്ങിനെ കേരളത്തിലൊരിടത്തും കാണാത്ത ആരാധനാസുകൃതമായ്, മാനവമൈത്രിയുടെ നിത്യസ്‌മാരകമായി സഹസ്രാബ്ദങ്ങൾ പഴക്കമുള്ള ആയിരംകണ്ണി ക്ഷേത്രം നിലകൊള്ളുന്നു. 1926ൽ ശ്രീനാരായണ ഗുരുദേവൻ ആയിരംകണ്ണി ക്ഷേത്രം സന്ദർശിച്ച് അനുഗ്രഹപ്രഭാഷണം നടത്തുകയും ഒപ്പം ചില ഉപദേശങ്ങളും നൽകിയിട്ടുമുണ്ട്. സംഹാര രൂപിണിയും സർവ്വശ്വര്യദായിനിയുമായി കോടി കോടി സൂര്യ പ്രഭയോടെ പാരിടത്തിന് രക്ഷ ചെയ്‌തരുളുന്ന പാപനാശിനായായി ആയിരംകണ്ണി ഭഗവതി, ഒരു ദേശത്തിന്റെ മുഴുവൻ ഉൾത്തുടിപ്പുകളറിഞ്ഞ്, നിലാവിൻ്റെ വെൺപ്രഭ പോലെ ഉള്ളിൽ നന്മയും സ്നേഹത്തിന്റെ ഭാവുകത്വവുമായി മണപ്പുറത്തെ ആബാലവ്യദ്ധം ജനങ്ങളും കുംഭമാസത്തിലെ രോഹിണി നാളിൽ ജാതി, മത, വർഗ്ഗ, വർണ്ണ ഭേദമേന്യേ ദേവീസന്നിധിയിൽ സംഗമിക്കുമ്പോൾ മൂപ്പത്തിമൂന്നോളം ദേശകമ്മിറ്റികളും വഴിപാടുപൂരങ്ങളും, നൂറോളം പഞ്ചവാദ്യ കലാകാരൻമാരും തെയ്യവും, തിറയും, ശിങ്കാരിമേളവും, മറ്റു നാടൻകലാരൂപങ്ങളും കാവടിയാട്ടവും ജഗത് മാതാവായ പരാശക്തിയുടെ ആണ്ടുപുറന്നാളിന് മറക്കാനാവാത്ത അനുഭൂതിയാക്കി മാറ്റുകയും ചെയ്യുന്നു.

 

മതസൗഹാർദ്ദത്തിൻ്റെ ഉത്തമ ഉദാഹരണം തന്നെയാണ് ആയിരംകണ്ണിഭഗവതീ ക്ഷേത്രം കാരണം ഒരിക്കൽ അസാമാന്യ ശക്തിവിശേഷത്തോടും ചൈതന്യത്തോടും കൂടി സ്‌ഫുരിച്ചിരുന്ന ഇവിടത്തെ ദേവീ ചൈതന്യത്തെ തന്ത്രശാലിയായ ഒരു തങ്ങൾ പരീക്ഷിക്കാൻ തയ്യാറായി. ആയിര മിഴികളുണ്ടെന്ന വീമ്പ് സത്യമെങ്കിൽ ദേവി കേവലം മനുഷ്യനായ എൻ്റെ മിഴികൾക്ക് കാഴ്‌ചയാക്കുക തങ്ങളുടെ ഭാഷ്യം. തങ്ങളുടെ അഹങ്കാരത്തെ ശമിപ്പിക്കാനെന്നവണ്ണം ദേവി അഞ്ഞൂറു കണ്ണുകൾ തങ്ങൾക്ക് കൊടുത്തുവത്രേ. എന്നിട്ടും മതി വരാതെ പരിഹാസവർഷം ചൊരിഞ്ഞ തങ്ങൾക്ക് സർവ്വാഭിഷ്ട വരാദായനിയായ ദേവി ഒരായിരം മിഴികളോടെ ദർശനമേകിയത്രേ. തുടർന്ന് ക്ഷേത്ര സന്നിധിയിൽ തങ്ങൾ മരിച്ചു വീണു. ഇത് പഴമനസ്സുകൾ കൈമാറി വന്ന അറിവ്. ഭിന്നമതസ്‌തനാണെങ്കിലും ഈശ്വരസാക്ഷാത്കാരം നേടിയ ആ ദിവ്യൻ്റെ പ്രേതശക്തി ദേവിയിൽ ലഭിച്ചിരിക്കുന്നുവെന്ന കണ്ടെത്തലിനെ തുടർന്ന് തങ്ങളുടെ ആത്മതേജസ്സിനെ ഉചിതമായ ഇരിപ്പിടമൊരുക്കി കാലങ്ങളായി നിവേദ്യം സമർപ്പിച്ചുകൊണ്ടിരിക്കുന്നു. തങ്ങൾ പ്രതിഷ്ഠയിൽ കാണിക്കയിട്ടു വണങ്ങാൻ ധാരാളം ഇസ്ലാംമത വിശ്വാസികൾ എത്താറുണ്ടെന്നുള്ളത് ഈ ക്ഷേത്രത്തിൻ്റെ പ്രത്യേകതയാണ്.

ആയിരംകണ്ണി ക്ഷേത്രം