ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
സാമൂഹ്യ-സാംസ്കാരിക ചരിത്രം
സുഗന്ധവ്യഞ്ജനങ്ങളും കരകൌശലവസ്തുക്കളും മറ്റും പാശ്ചാത്യരാജ്യങ്ങളിലേക്ക് കയറ്റി അയച്ചിരുന്ന ചേറ്റുവ എന്ന പ്രാചീനതുറമുഖപട്ടണത്തിന്റെ മേല്‍കോയ്മ കരസ്ഥമാക്കാന്‍ സാമൂതിരിമാരും കൊച്ചിരാജാക്കന്മാരും നിരവധി തവണ ഏറ്റുമുട്ടിയതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. വന്‍കിടവ്യവസായങ്ങളുടെ സിരാകേന്ദ്രമായിരുന്ന ചേറ്റുവ ഏങ്ങണ്ടിയൂരിന്റെ ഭാഗമാണ്. ഡച്ചുകാര്‍ ഇവിടെ നിര്‍മ്മിച്ച കോട്ട നൂറ്റാണ്ടുകളോളം നീണ്ടുനിന്ന ഘോരയുദ്ധങ്ങളുടെയും രാഷ്ട്രീയ ഉപചാപങ്ങളുടേയും വാണിജ്യമല്‍സരങ്ങളുടേയും രംഗമായിരുന്നു. ഇന്ന് ഈ കോട്ട ഭൂതകാലചരിത്രത്തിന്റെ അസ്ഥിമാടമെന്നപോലെ വൃക്ഷലതാതികളും കുറ്റിക്കാടുകളും നിറഞ്ഞ് വിസ്മൃതിയിലാണ്ടുകിടക്കുന്നു. ഇംഗ്ലീഷുകാരുടെ ആധിപത്യം വന്നതോടെ കൊച്ചിയും കോഴിക്കോടും അവരുടെ അധീനതയിലായതിനേത്തുടര്‍ന്ന് ചേറ്റുവയുടെ പ്രധാന്യം നഷ്ടപ്പെട്ട് ശ്രദ്ധിക്കപ്പെടാതെ പോവുകയായിരുന്നു. അഴിമുഖം സംരക്ഷിക്കപ്പെടാതിരുന്നതിനാല്‍ മണല്‍തിട്ടകള്‍ അടിഞ്ഞുകൂടി, അല്‍പ്പാല്‍പ്പം തെക്കോട്ട് നീങ്ങുകയും ചേറ്റുവായുടെ അധ:പതനം പൂര്‍ത്തിയാവുകയും ചെയ്തു. അതോടെ കപ്പലുകള്‍ക്ക് അടുക്കുവാനോ ചരക്കുകള്‍ ഇറക്കുവാനോ സൌകര്യമില്ലാതായി. അങ്ങിനെ രാഷ്ട്രീയമായും വാണിജ്യപരമായും ഏങ്ങണ്ടിയൂര്‍ വിസ്മരിക്കപ്പെട്ടു. ജാതിവ്യവസ്ഥയും ഉച്ചനീചത്വങ്ങളും കൊടിക്കുത്തിവാണിരുന്ന ഈ ഗ്രാമം ദേശീയപ്രസ്ഥാനത്തിന്റേയും സാമൂഹ്യപരിഷ്ക്കരണ പ്രസ്ഥാനങ്ങളുടേയും കര്‍ഷകപ്രസ്ഥാനങ്ങളുടേയും ത്യാഗോജ്ജ്വലമായ സമരങ്ങളില്‍നിന്നും ആവേശം ഉള്‍കൊണ്ട് മുന്നേറിയതോടെ പുരോഗതിയുടെ പാന്ഥാവിലേക്ക് മെല്ലെ പ്രവേശിക്കുകയായിരുന്നു. അറുപതുകളുടെ അവസാനംവരെ ഇവിടുത്തെ മുഖ്യകാര്‍ഷികവിളകള്‍ നെല്ലും തേങ്ങയുമായിരുന്നു. പ്രത്യേക പരിചരണങ്ങള്‍ നല്‍കാതെ തന്നെ സമൃദ്ധമായ കശുമാവിന്‍തോപ്പുകളും കാര്‍ഷികമേഖലയ്ക്ക് സമൃദ്ധിയേകി നിലകൊണ്ടിരുന്നു. ഗ്രാമത്തിന്റെ മൂന്നിലൊന്നോളം ഭാഗം നെല്‍പ്പാടങ്ങളായിരുന്നു. മുട്ടുകായല്‍, വന്‍നെല്ലിന്‍പാടം, പാണ്ടിപ്പാടം, പുഞ്ചപ്പാടം, കാട്ടുപാടം മുതലായ പേരുകളില്‍ നിലനിന്നിരുന്ന പാടശേഖരങ്ങളില്‍ വട്ടന്‍, കൊടിയന്‍, ചിറ്റ്യാനി, ചീര, പൊക്കാളി, പാണ്ടി എന്നീ നാടന്‍ ഇനം നെല്‍വിത്തുകളായിരുന്നു കൃഷി ചെയ്തിരുന്നത്. ഇവയില്‍ത്തന്നെ പാണ്ടി ഇനം നെല്‍വിത്തുകള്‍ ഉപ്പുരസം കലര്‍ന്ന മണ്ണില്‍ പോലും കൃഷി ചെയ്യാന്‍ അനുയോജ്യമായിരുന്നു. ഭൂമിശാസ്ത്രപരമായി ഉപദ്വീപായി കാണപ്പെടുന്ന പഞ്ചായത്തുപ്രദേശത്ത് ജനങ്ങള്‍ വിദൂരയാത്രക്കും ചരക്കുഗതാഗതത്തിനും പ്രധാനമായും ഉപയോഗപ്പെടുത്തിയിരുന്നത് ജലമാര്‍ഗ്ഗത്തെയായിരുന്നു. ഈ ഗ്രാമപഞ്ചായത്തില്‍ ഇന്നു കാണുന്ന വിലങ്ങനെയുള്ള ഒട്ടുമിക്ക റോഡുകളും പരമ്പരാഗത ജലഗതാഗതമാര്‍ഗ്ഗങ്ങള്‍ പരിവര്‍ത്തനപ്പെടുത്തി നിര്‍മ്മിക്കപ്പെട്ടവയാണ്. പഞ്ചായത്തിന്റെ മധ്യഭാഗത്തുകൂടി കടന്നുപോയിരുന്ന ആല-ചേറ്റുവ റോഡുമാത്രമായിരുന്നു റോഡുഗതാഗത സൌകര്യമെന്ന നിലയില്‍ മുന്‍കാലത്ത് ഇവിടെ ഉണ്ടായിരുന്നത്. ടിപ്പുവിന്റെ പടയോട്ടത്തോടെയാണ് രണ്ട് പ്രധാന റോഡുകള്‍ മേല്‍പറഞ്ഞ റോഡിന് ഇരുവശവും സമാന്തരമായി നിര്‍മ്മിക്കപ്പെടുന്നത്. അതോടെ ഈ ഗ്രാമത്തിലെ ഗതാഗതാവശ്യങ്ങള്‍ ഒരു പരിധിവരെ നിറവേറ്റപ്പെട്ടുവെന്ന് പറയാം. പഴയ ആല-ചേറ്റുവ റോഡിന്റെ സ്ഥാനത്ത് എന്‍.എച്ച് 17 വന്നതോടെ രാജ്യത്തിന്റെ ഏതുഭാഗവുമായും റോഡുമാര്‍ഗ്ഗം അനായാസേന ബന്ധപ്പെടുവാന്‍ കഴിയുമെന്ന നിലവന്നു. ഈ ഗ്രാമത്തിന്റെ ഔപചാരിക വിദ്യാഭ്യാസചരിത്രം ആരംഭിക്കുന്നത് 1895-ല്‍ വടുക്കുംചേരി ശങ്കരന്‍കുട്ടിമാസ്റ്റര്‍ തിരുമംഗലം പ്രൈമറിസ്ക്കൂള്‍ സ്ഥാപിക്കുന്നതോടെയാണ്. വ്യാവസായിക സംസ്ക്കാരത്തിന്റെ തകര്‍ച്ചയ്ക്കുശേഷം ഉയര്‍ന്നുവന്ന കര്‍ഷക-മത്സ്യത്തൊഴിലാളി വിഭാഗങ്ങളുടെ സംസ്ക്കാരമാണ് ഏങ്ങണ്ടിയൂര്‍ ഗ്രാമത്തിന്റെ സാംസ്കാരിക അന്തര്‍ധാര. വിദ്യാഭ്യാസരംഗത്ത് സമീപസ്ഥലങ്ങളായ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് വളരെ മുമ്പേ മുന്നേറ്റം കാഴ്ചവെച്ച പ്രദേശമാണ് ഈ പഞ്ചായത്ത്. ഈ നൂറ്റാണ്ടിന്റെ മധ്യത്തോടെ വെട്ടുകാട്ടില്‍ ചാത്തുകുട്ടിയെന്ന സംസ്കൃതപണ്ഡിതനാണ് ഇതിനു തുടക്കം കുറിച്ചത്. മാപ്പിളസാഹിത്യകാരനും പണ്ഡിതനുമായിരുന്ന ചേറ്റുവ പരീക്കുട്ടി ഇദ്ദേഹത്തില്‍ നിന്നുമാണ് സംസ്കൃതത്തില്‍ പാണ്ഡിത്യം നേടിയതെന്നത് എടുത്തുപറയേണ്ടതാണ്. ഏങ്ങണ്ടിയൂരിന്റെ സാംസ്ക്കാരികരംഗത്തും വിദ്യാഭ്യാസരംഗത്തും മുന്നേറ്റത്തിന് തുടക്കം കുറിച്ചവരില്‍ പ്രഥമസ്ഥാനീയരാണ് ഭ്രാതാവേലുകുട്ടി മാസ്റ്റര്‍, ഇച്ചാക്കന്‍ മാസ്റ്റര്‍ എന്നിവര്‍. മണപ്പുറം ടൈംസ്-ലൂടെ ഗ്രാമീണ പത്രപ്രവര്‍ത്തനരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച വി.എസ്.കേരളീയനും ചലചിത്രരംഗത്ത് ആഗോളപ്രശസ്തി നേടിയ രാമുകാര്യാട്ടും ഏങ്ങണ്ടിയൂരിലെ സാംസ്ക്കാരിക, കലാരംഗങ്ങളിലെ ശുക്രനക്ഷത്രങ്ങളായിരുന്നു. ഈ ഗ്രാമത്തിലെ ഉല്‍സവങ്ങളും, ആഘോഷങ്ങളും ജനങ്ങളുടെ കൂട്ടായ്മയ്ക്കും ഒത്തുചേരലിനും വേദിയാകുന്നു. ആയിരംകണ്ണി ഉല്‍സവം, ചേറ്റുവ ചന്ദനക്കുടം നേര്‍ച്ച, സെന്റ് തോമസ് പള്ളി തിരുന്നാള്‍ എന്നിവയാണ് പ്രധാന ഉല്‍സവങ്ങള്‍.